ബ്ലോഗ്

വിദ്യാലയങ്ങള്‍ ഇ-മാലിന്യ കേന്ദ്രങ്ങളാകുന്നവോ എന്ന വിഷയം ചര്‍ച്ചചെയ്യുന്നതിനായി ഒരു വേദി

Saturday, 22 November 2014

(ഇ-മാലിന്യം)


വിദ്യാലയങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങളുടെ (-മാലിന്യം)സാന്നിധ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു......

ഇഖ്ബാല്‍ മങ്കട




മാലിന്യം എന്നത് കേരളീയരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള ഒരു വാക്കല്ല.എന്തിനും ഏതിനും മാലിന്യം എന്ന വാക്ക് ഉപയോഗിച്ച് നമ്മളോടൊപ്പം ജീവിക്കുന്ന ഒന്നായി മാറിയിരിക്കുന്നു അത്.എന്നാല്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ നമ്മുക്കിടയിലെ പുതിയ അതിഥിയാണ്.പുത്തന്‍ തലമുറ എന്നു പറയുന്ന വിഭാഗത്തിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ പറ്റുന്ന ഒന്ന്.കേരളത്തിലെ വിദ്യാലയങ്ങളില്‍ സജീവമായി വിവരവിനിമയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് പതിനാലു വര്‍ഷമാകുന്നു.ഈ കാലഘട്ടത്തില്‍ ഓരോ വിദ്യാലയത്തിനും ഐ.ടി സ്ക്കൂള്‍, എം.പി, എം.എല്‍.എ പദ്ധതികളിലായി ലഭിച്ച കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും എണ്ണം വളരെ വലുതാണ്.ഇത് ഉപയോഗപ്പെടുത്തിയതോടെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഇടയിലെ പഠനം പ്രവര്‍ത്തന രീതികളില്‍ കാതലായ മറ്റങ്ങള്‍ വന്നു.ക്ലാസ് മുറികളിലെ വിരസമായ വെര്‍ബലിസം കുറേയേറെ മാറി.ശബ്ദങ്ങളും ചിത്രങ്ങളും ചലനങ്ങളും കുട്ടികളില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ചില്ലറയല്ല.ഇതിനൊക്കെ ശക്തമായ നേതൃത്ത്വം കൊടുക്കാന്‍ കേരളത്തിലെ ഐ.ടി.@സ്കൂളിനു കഴിഞ്ഞു.എന്നാല്‍ കുറച്ചുകാലമായി ഐ.ടി.@സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര വേഗതപോരാത്ത ഒരവസ്ഥ അനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.ഇതിന്റെ ദുരന്തഫലങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു എന്നതിന്റെ ആദ്യ ചിത്രങ്ങളിലൊന്നാണ് വിദ്യാലയങ്ങളിലെ ഈ മാലിന്യ സാന്നിധ്യത്തിന്റെ അളവ് ക്രമാധീതമായി വര്‍ദ്ധിച്ചത്.
ഹാര്‍ഡ് വെയര്‍ക്ലിനിക്കുകള്‍ എന്നപേരില്‍ വര്‍ഷംതോറും നടത്തി വന്നിരുന്ന അറ്റകുറ്റ പണികള്‍ നിന്നുപോയത് ഇ മാലിന്യങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കി.

ഈ ഘട്ടത്തിലാണ് ഞങ്ങള്‍ പാലക്കാടുള്ള സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാരുടെ കൂട്ടായ്മയായ എസ്..ടി.സി ഫോറം പാലക്കാട് ഒരു ഓണ്‍ലൈന്‍ സര്‍വ്വേ നടത്തിയത്.2014ജൂലൈ മാസത്തിലെ സ്കൂളുകളിലെ നിലവിലുള്ള കമ്പ്യൂട്ടര്‍-അനുബന്ധ ഉപകരണങ്ങളുടെ വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ചോദ്യാവലിക്ക് ജില്ലയിലെ നൂറ് സ്കൂളുകള്‍ പ്രതികരിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ക്രോഡീകരണത്തിനും അപഗ്രഥനത്തിനും വിധേയമാക്കിയപ്പോള്‍ ലഭിച്ചത് ഗൗരവമേറിയ വിവരങ്ങള്‍തന്നെയായിരുന്നു.തുടര്‍ നടപടികളുടെ ഭാഗമായി പാലക്കാട് ജില്ലാ പഞ്ചായത്ത്,ഓരോ നിയമസഭാമണ്ഡലങ്ങളിലെയും എം.എല്‍.എമാര്‍ എന്നിവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്കുകയുണ്ടായി.എന്നാല്‍ ഇതുകൊണ്ടൊന്നും പ്രശ്നങ്ങള്‍ പൂര്‍ണമായുംഅവസാനിക്കുന്നില്ല.
വിദ്യാലയങ്ങളിലെ ഇ-മാലിന്യം എന്തുചെയ്യണമെന്നത് ഒരു പോളിസിയായി തന്നെ വരേണ്ടതല്ലേ?ഇതിനുള്ള പഠനങ്ങള്‍ നടക്കേണ്ടതല്ലേ?കേരളത്തിലെ ഇ-മാലിന്യപ്രശ്നങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങള്‍ നടക്കുകയും അവ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.ഇതിന്റെ പ്രതികരണം എന്ന നിലയില്‍ ഇക്കഴിഞ്ഞ കേരളപിറവി ദിനത്തില്‍ ബഹു.നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി സാഹിബ് കിലോയ്ക്ക് അഞ്ചുരൂപ വെച്ച് ഇ-മാലിന്യങ്ങള്‍ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഗവണ്‍മെന്റ് ആരംഭിക്കുന്നതായി പറഞ്ഞിട്ടുണ്ട്.അപ്പോഴും വിദ്യാലയങ്ങളിലെ ഇ-മാലിന്യം എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്.
ഈ ഘട്ടത്തിലാണ് 'വിദ്യാലയങ്ങള്‍ ഇ മാലിന്യകേന്ദ്രങ്ങളാകുന്നുവോ?സ്കൂള്‍ ഐ.ടി ലാബുകളെ അടിസ്ഥാനമാക്കി ഒരു പഠനം 'എന്ന പഠനപ്രോജക്ടിലൂടെ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കാന്‍ ആഗ്രഹിക്കുന്നത്.

1.വിദ്യാലയങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കമ്പ്യൂട്ടറുകളില്‍ പലതിലും കേടുവരാത്ത ഒട്ടേറെ ഘടകങ്ങളുണ്ട്.
2.-മാലിന്യ സംസ്കരണം സംബന്ധിച്ച് പ്രാദേശിക ഭരണകൂടം,.ടി സ്കൂള്‍,വിദ്യാലയങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് കാര്യമായ ധാരണകളില്ല.
3.-മാലിന്യത്തില്‍ നിന്നും ഉല്പന്നങ്ങള്‍ എന്ന ആശയം ഇതുവരെ കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ല.
4.വിദ്യലയങ്ങളിലെ പഴയ കമ്പ്യൂട്ടര്‍-അനുബന്ധ ഉപകരണങ്ങള്‍ എന്തുചെയ്യണമെന്ന നിര്‍ദ്ദേശങ്ങള്‍ ഇതുവരെയും വിദ്യാലയങ്ങള്‍ക്ക് നല്കീട്ടില്ല.

നിര്‍ദ്ദേശങ്ങള്‍
1.ഓരോ ഉപജില്ലയിലെയും ഒരു വി.എച്ച്.എസ്.ഇ വിഭാഗത്തോടൊപ്പം സ്ഥിരം ഹാര്‍ഡ് വെയര്‍ക്ലിനിക്ക് ആരംഭിക്കുകയും ഇ-മാലിന്യ സംഭരണകേന്ദ്രങ്ങളായി മാറ്റുകയും വേണം.
2.-മാലിന്യത്തില്‍ നിന്നും കളിപ്പാട്ടങ്ങള്‍,ഷോകെയ്സില്‍ വെയ്ക്കാവുന്ന ഉല്പന്നങ്ങള്‍,അലങ്കാര ലൈറ്റുകള്‍ തുടങ്ങി പുനരുപയോഗത്തിനു സാധ്യമാകുന്നവ പരിശീലിപ്പിക്കുന്ന ഹ്രസ്വകാലകോഴ്സുകള്‍ വി.എച്ച്.എസ്.ഇ യില്‍ ആരംഭിക്കണം.
3.വിദ്യാലയങ്ങളിലെ ഉപയോഗരഹിതമായ കമ്പ്യൂട്ടര്‍-അനുബന്ധഉപകരണങ്ങള്‍ എന്തുചെയ്യണമെന്ന നിര്‍ദ്ദേശം വിദ്യാലയമേധാവിയ്ക്ക് നല്കണം.
4.-മാലിന്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍,സംസ്കരണരീതികള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമായി പാഠപുസ്തകങ്ങള്‍ വരണം.

ഇതൊന്നും അവസാനവാക്കല്ല.പക്ഷേ ആലസ്യം നമ്മെ എത്തിക്കുന്നത് നാശത്തിലേക്കായിരിയ്ക്കും.നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണ്.


No comments:

Post a Comment